Saturday, December 17, 2011

ചങ്ങാതി

നീയാണെനിക്കു ചങ്ങാതി
നിന്‍-
ശാന്ത നയനങ്ങള്‍...
നിന്‍ കുളിര്‍ പുഞ്ചിരി.
നിന്റെ സാന്ത്വോക്തികള്‍..
നീയെന്റെ ജീവന്‍..
ജീവന്റെ  ജീവന്‍..

ജീവനിന്നെന്തു വില..
ജീവന് പുല്ലുവില...
തെറ്റ്..
പുല്ലിന് എന്നും വിലയുണ്ട്..
ജീവന് ......അതും മനുഷ്യജീവന് .....

ജീവന്റെ വില ഉപമിക്കാന്‍
മാത്രം ചീപ്പായ ഒന്നും
പ്രപഞ്ചത്തില്‍ ഇന്നില്ല..

ഒരു നല്ല ചങ്ങാതിക്ക്
പാടാന്‍ അറിയണം
പറയാന്‍ അറിയണം
പിന്നെ
അവന് വാക്കുകൊണ്ട് തലോടാന്‍
അറിയണം....

Sunday, October 30, 2011

ഒറ്റവര

ടീച്ചര്‍ ക്ലാസ്സില്‍ വന്നു
ലാപ് ടോപ്പ് മേശപ്പുറത്ത് വച്ചു
പ്രൊജക്ട്ര്‍ ഓണ്‍ ചെയ്തു
സ്ക്രീനില്‍ ചിത്രങ്ങള്‍ നിറഞ്ഞു
രവിവര്‍മ്മ , വാന്‍ഗോഗ് , ഡാവിഞ്ചി...
മൊണാലിസ.. സൂര്യകാന്തിപ്പൂക്കള്‍...തെരുവുഗായകര്‍..
കരയുന്നകുട്ടി....   റാഫേല്‍...
ടീച്ചര്‍ തുറന്നത് ചിത്രവായനയുടെ പുതിയ നിറവുകള്‍.
പിന്നെ ടീച്ചര്‍ ബോര്‍ഡിലൊരു വര വരച്ചു...
നോക്കൂ ഈ ഒറ്റവര  ...
വായിച്ചു നോക്കൂ...
മോളൂട്ടി ഒറ്റവരയെ നോക്കി
പിന്നെ കയ്യിലെ പേനകളെ നോക്കി...
നീല   കറുപ്പ്..
ബുക്കില്‍ ശീര്‍ഷകം എഴുതി
അടിയില്‍ വരച്ചു..
ഒറ്റയ്ക്കായിപ്പോയ ഒറ്റവര..
ഒറ്റവര  എന്നെപ്പോലെ..
കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്ക്
പേപ്പറിന്റെ നടുവില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവള്‍..
അമ്മയെ അച്ഛന്‍ കൊന്നതുകൊണ്ട്
അച്ഛനെ നിയമം പിടികൂടിയതുകൊണ്ട്..
പുറത്തുവന്നഅച്ഛന്‍ വീണ്ടും വിവാഹം കഴിച്ച ..
......ചെറിയമ്മ....
ക്രൂരമായി പെരുമാറുന്നതുകൊണ്ട്..
തീരെ ഒറ്റയ്ക്കായിപ്പോയ ഒറ്റവര...
ഒറ്റവര  ഏതുകൂട്ടത്തില്‍ കൂടും..
രേഖയില്‍ നിന്നു മുറിച്ചുമാറ്റിയ "രേഖാഖണ്ഡമോ..?
തുടക്കവും ഒടുക്കവും അറിയാതെ  ..
എങ്ങോട്ടൊഴുകണം എന്നറിയാതെ..
അമ്പരന്നു നീളുന്ന രേഖതന്നെയോ..?
 തുടക്കം  അറിയാമെങ്കിലും 
ഒടുക്കം അറിയാത്തതിനാല്‍  ..
അനന്തതയെ പ്രണയിച്ച് അതിലേക്കൊഴുകുന്ന രശ്മിയോ.
അറിയില്ല എങ്കിലും...
ഒന്നറിയാം..
കണ്ണീരിന്റെ സില്‍ക്കുമറയിട്ട ജാലകയോരത്ത് 
മഴകണ്ടുനില്ക്കുന്ന 
ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ മുഖമാണ്   ‌
ഒറ്റവരയ്ക്ക്
ഞാനും ഒരു വര ..
ഒരു ഒറ്റവര...

  ..
 



Saturday, October 1, 2011

കുറ്റപത്രം


കുറ്റപത്രം വായിച്ചു കേള്‍ക്കണം
ഞാന്‍ പറഞ്ഞു
എന്നെ വട്ടളത്തില്‍ ഇട്ടു പുഴുങ്ങിയതെന്തിന് ..?
എന്നെ പഞ്ചാഗ്നിമദ്ധ്യത്തില്‍നിര്‍ത്തിയതെന്തിന് ..?
തൊണ്ട വിണ്ടുകീറിയിട്ടും ദാഹനീര്‍ തരാഞ്ഞതെന്ത്,,,?
കുടലുപൊരിഞ്ഞിട്ടും ഭക്ഷണം തരാഞ്ഞതെന്ത്...?
എന്താണ് ഞാന്‍ ചെയ്ത കുറ്റം....?
എന്താണ് ഞാന്‍ ചെയ്ത കുറ്റം....?
സ്വര്‍ഗ്ഗത്തിലെ ന്യായാലയത്തില്‍
പ്രതിക്കൂട്ടില്‍ ഞാനലറുമ്പോള്‍
ന്യായാസനത്തില്‍ ദൈവം പ്രശാന്തമായി ചിരിച്ചു
ചിത്രഗുപ്തന്‍ മെല്ലെ എഴുന്നേറ്റു
ചുമച്ചു കണ്ഠശുദ്ധി വരുത്തി
കുറ്റപത്രം തുറന്നു
പിന്നെ വായിച്ചു
--------------------------
ഇണയും തുണയും ഇല്ലാതെ
പുസ്തകത്താളില്‍ മയില്‍പ്പീലിയെ
അന്യായത്തടങ്കലില്‍ വച്ചു
അവള്‍ക്കാകാശം നിഷേധിച്ചു.
ഇണയെക്കൂടാതെ പ്രസവിക്കാന്‍
അവളോടാവശ്യപ്പെട്ടു
പിന്നെ അവളെ പുസ്തകത്തോടൊപ്പം
ആര്‍ക്കൊക്കെയോ കൈമാറി
ഏറെനാള്‍ ആവര്‍ത്തിച്ചകുറ്റം
-----------------------
പൂത്തുമ്പികളെക്കൊണ്ട് കല്ലെടുപ്പിച്ചു
അവയ്ക്കു കൂലിയോ ഭക്ഷണമോ നല്കിയില്ല
------------------------
തീപ്പെട്ടിയില്‍ അടച്ചിട്ട വണ്ടുകളെക്കൊണ്ട്
വണ്ടിവലിപ്പിച്ചു
അവയ്ക്കും കൂലിയും ഭക്ഷണവും സ്വാതന്ത്യവും നിഷേധിച്ചു
---------------------------------
പൂക്കളെ തല്ലിവീഴ്ത്തി
പൂമ്പാറ്റകളെ പേടിപ്പിച്ചു
കുയിലിനെ പരിഹസിച്ചു
ഉണ്ണിമാങ്ങകളെ എറിഞ്ഞുവീഴ്തി
----------------------------
ഇനിയും വായിക്കണോ-?
നീണ്ട കുറ്റപത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി
ചിത്രഗുപ്തന്‍ ചോദിച്ചു
ഞാനതുകേട്ടില്ല
ഞാനപ്പോള്‍ ഭൂമിയിലായിരുന്നു
പൂമ്പാറ്റകളും വളപ്പൊട്ടുകളും വര്‍ണ്ണപീലികളും
നഷ്ടപ്പെട്ടതെവിടെയെന്ന്
തിരയുകയായിരുന്നു
എന്റെയാ സുന്ദരബാല്യം
കളഞ്ഞുപോയതെവിടെയെന്ന്
തിരയുകയായിരുന്നു...
-----------------------