Saturday, October 1, 2011

കുറ്റപത്രം


കുറ്റപത്രം വായിച്ചു കേള്‍ക്കണം
ഞാന്‍ പറഞ്ഞു
എന്നെ വട്ടളത്തില്‍ ഇട്ടു പുഴുങ്ങിയതെന്തിന് ..?
എന്നെ പഞ്ചാഗ്നിമദ്ധ്യത്തില്‍നിര്‍ത്തിയതെന്തിന് ..?
തൊണ്ട വിണ്ടുകീറിയിട്ടും ദാഹനീര്‍ തരാഞ്ഞതെന്ത്,,,?
കുടലുപൊരിഞ്ഞിട്ടും ഭക്ഷണം തരാഞ്ഞതെന്ത്...?
എന്താണ് ഞാന്‍ ചെയ്ത കുറ്റം....?
എന്താണ് ഞാന്‍ ചെയ്ത കുറ്റം....?
സ്വര്‍ഗ്ഗത്തിലെ ന്യായാലയത്തില്‍
പ്രതിക്കൂട്ടില്‍ ഞാനലറുമ്പോള്‍
ന്യായാസനത്തില്‍ ദൈവം പ്രശാന്തമായി ചിരിച്ചു
ചിത്രഗുപ്തന്‍ മെല്ലെ എഴുന്നേറ്റു
ചുമച്ചു കണ്ഠശുദ്ധി വരുത്തി
കുറ്റപത്രം തുറന്നു
പിന്നെ വായിച്ചു
--------------------------
ഇണയും തുണയും ഇല്ലാതെ
പുസ്തകത്താളില്‍ മയില്‍പ്പീലിയെ
അന്യായത്തടങ്കലില്‍ വച്ചു
അവള്‍ക്കാകാശം നിഷേധിച്ചു.
ഇണയെക്കൂടാതെ പ്രസവിക്കാന്‍
അവളോടാവശ്യപ്പെട്ടു
പിന്നെ അവളെ പുസ്തകത്തോടൊപ്പം
ആര്‍ക്കൊക്കെയോ കൈമാറി
ഏറെനാള്‍ ആവര്‍ത്തിച്ചകുറ്റം
-----------------------
പൂത്തുമ്പികളെക്കൊണ്ട് കല്ലെടുപ്പിച്ചു
അവയ്ക്കു കൂലിയോ ഭക്ഷണമോ നല്കിയില്ല
------------------------
തീപ്പെട്ടിയില്‍ അടച്ചിട്ട വണ്ടുകളെക്കൊണ്ട്
വണ്ടിവലിപ്പിച്ചു
അവയ്ക്കും കൂലിയും ഭക്ഷണവും സ്വാതന്ത്യവും നിഷേധിച്ചു
---------------------------------
പൂക്കളെ തല്ലിവീഴ്ത്തി
പൂമ്പാറ്റകളെ പേടിപ്പിച്ചു
കുയിലിനെ പരിഹസിച്ചു
ഉണ്ണിമാങ്ങകളെ എറിഞ്ഞുവീഴ്തി
----------------------------
ഇനിയും വായിക്കണോ-?
നീണ്ട കുറ്റപത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി
ചിത്രഗുപ്തന്‍ ചോദിച്ചു
ഞാനതുകേട്ടില്ല
ഞാനപ്പോള്‍ ഭൂമിയിലായിരുന്നു
പൂമ്പാറ്റകളും വളപ്പൊട്ടുകളും വര്‍ണ്ണപീലികളും
നഷ്ടപ്പെട്ടതെവിടെയെന്ന്
തിരയുകയായിരുന്നു
എന്റെയാ സുന്ദരബാല്യം
കളഞ്ഞുപോയതെവിടെയെന്ന്
തിരയുകയായിരുന്നു...
-----------------------

4 comments: